പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് ബൈലോ
എടത്വ ഗ്രാമപഞ്ചായത്ത്
തദ്ദേശ പ്ലാസ്റ്റിക്ക് മാലിന്യ പരിപാലന ഉപ നിയമാവലി
(പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് അന്തിമ ബൈലോ)
ഇന്ത്യൻ ഭരണഘടനയുടെ ഭാഗം 3 അനുച്ഛേദം 21 ജീവനും ജീവിക്കാനും ജീവനോപാധികൾക്കും വ്യക്തി സ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തിന്റെ ഭാഗമായ സുരക്ഷിത സുസ്ഥിര പരിസ്ഥിതിക്കുള്ള മൌലികാവകാശം, ഭരണഘടനയുടെ ഭാഗം 4 അനുച്ഛേദം 47 പ്രകാരം പൊതുജനാരോഗ്യ സ്ഥിതി മെച്ചപ്പെടുത്തുവാനും ജീവിത നിലവാരം ഉയർത്താനും പരിരക്ഷിക്കാനുമുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കാൻ രാഷ്ട്രത്തിന്റെ ഭരണഘടനാ ഘടകം എന്ന നിലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനുള്ള ബാധ്യത, മൌലിക പൌരധർമ്മം സംബന്ധിച്ച ഭരണഘടന വ്യവസ്ഥയായ ഭാഗം IV A (ജി) അനുച്ഛേദം 51എ പ്രകാരം പ്രകൃതിയും പരിസ്ഥിതിയും പരിപാലിക്കാനുള്ള പൌരന്മാരുടെ കടമ എന്നിവയ്ക്ക് പ്രാബല്യം നൽകുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് ഉത്തരവാദിത്വം ഉണ്ട്.
1994 ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ്, 1994ലെ കേരള മുനിസിപ്പാലിറ്റി ആക്റ്റ് എന്നിവ അനുസരിച്ചും 1986ലെ പരിസ്ഥിതി (സംരക്ഷണം) നിയമത്തിൻ കീഴിൽ 2016ൽ കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്ത് പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് ചട്ടങ്ങളുടെ വ്യവസ്ഥകൾ പ്രകാരവും പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തിനുള്ള അധികാരവും ഉത്തരവാദിത്തവും തദ്ദേശസ്വയംഭരണ സ്ഥാപനത്തിനുണ്ട്. സ്വന്തമായോ ഏജൻസികൾ/ഉൽപ്പാദകർ മുഖാന്തിരമോ പ്ലാസ്റ്റിക് മാലിന്യങ്ങൾ വേർതിരിച്ച് ശേഖരിച്ച് സംസ്കരിക്കുന്നതിനോ നിർമ്മാർജ്ജനം ചെയ്യുന്നതിനോ ഉള്ള അധികാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുണ്ട്. 1994ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് 219 ഇ വകുപ്പും കേരള മുനിസിപ്പാലിറ്റി ആക്റ്റ് 330, 333, 334 എന്നീ വകുപ്പുകളും അനുസരിച്ച് തദ്ദേശ സ്വയംഭരണ പരിധിയിൽ ഉണ്ടാകുന്ന മാലിന്യങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ സ്വത്തായിരിക്കുന്നതും നിർണ്ണയിക്കപ്പെടാവുന്ന രീതികളിൽ അവ നിർമ്മാർജ്ജനം ചെയ്യാനോ സംസ്കരിക്കാനോ, അന്തിമമായി അവ നീക്കം ചെയ്യുന്നതിനോ ഉള്ള ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് ഉണ്ടായിരിക്കുന്നതുമാണ്. ഇതിനായി കാലാകാലം യുക്തമായും സ്വീകാര്യമായിട്ടുള്ളതുമായ മാർഗ്ഗം അവലംബിക്കാനും പ്ലാസ്റ്റിക് മാലിന്യങ്ങൾ കയ്യൊഴിക്കുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനം അധികാരപ്പെട്ടിരിക്കുന്നു.
പൊതുസ്ഥലങ്ങളിലും സ്വകാര്യ പരിസരങ്ങളിലും ശുചീകരണത്തിനും പ്ലാസ്റ്റിക് മാലിന്യ സംഭരണം, ശേഖരണം, പരിവഹണം, സംസ്കരണം, നിർമ്മാർജ്ജനം എന്നിവയ്ക്ക് ആവശ്യമായതും ഉചിതമായിട്ടുള്ളതുമായ ഉപാധികൾ ഏർപ്പെടുത്താനും പരിപാലിക്കാനും അവയുടെ നടത്തിപ്പിന് ആവശ്യമെങ്കിൽ ഇത്തരം ഉപാധികൾ ഏർപ്പെടുത്താൻ സ്വകാര്യ വസ്തു ഉടമസ്ഥരോട് നിർദ്ദേശിക്കാനും അതിന്റെ നിർവ്വഹണം ഉറപ്പു വരുത്തുവാനും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് 1994ലെ കേരള പഞ്ചായത്ത് രാജ് ആക്ടിലെ 219 എ, 219 ബി വകുപ്പുകൾ പ്രകാരം അധികാരമുണ്ട്. 1994ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റിലെ 219 ബി, 219 എച്ച് വകുപ്പുകൾ അനുസരിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങളുടെയും ചപ്പുചവറുകളുടെയും നിക്ഷേപം നിയന്ത്രിക്കാനും അങ്ങനെയുള്ളവ നിർമ്മാർജ്ജനം ചെയ്യുവാനും തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് അധികാരമുണ്ട്.
എന്നാൽ അപായകരമായ ബയോമെഡിക്കൽ മാലിന്യങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നതിന് 1986ലെ പരിസ്ഥിതി (സംരക്ഷണം) നിയമം അനുസരിച്ച് വേറെ ചട്ട വ്യവസ്ഥകൾക്ക് രൂപം നൽകപ്പെട്ടിട്ടുണ്ട്. പരിസ്ഥിതി (സംരക്ഷണം) നിയമപ്രകാരം 2016ൽ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് ചട്ടങ്ങൾ വിജ്ഞാപനം ചെയ്യപ്പെട്ടിട്ടുണ്ട്.
തദ്ദേശമാലിന്യ സംസ്കരണ-പരിപാലനം ശാസ്ത്രീയവും പ്രായോഗികവുമായി നടപ്പിൽ വരുത്തുന്നതിന് യുക്തിഭദ്രവും നീതിപൂർവ്വകവും നിയമപരവുമായ വിധത്തിൽ ജനപങ്കാളിത്തവും സാമൂഹ്യ നിയന്ത്രണവും നിരന്തര നിരീക്ഷണവും സമയബന്ധിത അവലോകനവും അനിവാര്യ പരിഷ്കരണവും ഉറപ്പ് വരുത്തും വിധം ശരിയായ നിയമ ചട്ടങ്ങൾ രൂപപ്പെടുത്തേണ്ടതുണ്ട്. അതനുസരിച്ച് ഉപനിയമാവലികൾ രൂപീകരിക്കാനും വിജ്ഞാപനം ചെയ്യാനും നടപ്പിൽ വരുത്താനും കേരള പഞ്ചായത്ത് രാജ് ആക്റ്റിലെ 256-ാം വകുപ്പ്, കേരള മുനിസിപ്പാലിറ്റി ആക്റ്റിലെ 567-ാം വകുപ്പ് എന്നിവ പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് അധികാരപ്പെടുത്തിയിട്ടുണ്ട്.
ആയതിനാൽ തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയിലെ താമസക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ എത്തുന്ന സന്ദർശകരും, യാത്രികരും തദ്ദേശസ്വയംഭരണ സ്ഥാപനാതിർത്തിക്കുള്ളിൽ പ്രവർത്തിക്കുന്ന വ്യാപാര - വ്യവസായ - വാണിജ്യ സ്ഥാപനങ്ങളും, സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളും ഓഫീസുകളും അവയുടെ ഘടകങ്ങളും ഉൽപ്പാദിപ്പിക്കുന്നതും പുറന്തള്ളുന്നതുമായ മാലിന്യങ്ങൾ അലക്ഷ്യമായും അശ്രദ്ധമായും നിക്ഷേപിക്കുന്നത് തടയുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപന പ്രദേശം വൃത്തിയായും പരിസര ശുചിത്വമുള്ളതായും സൂക്ഷിക്കുന്നതിനും പൊതു നിരത്തുകളിലും പൊതുസ്ഥലങ്ങളിലും നിർദ്ദേശങ്ങൾ ലംഘിച്ചും ഉത്തരവുകൾക്കെതിരായും ചപ്പുചവറുകൾ വലിച്ചെറിയുന്നത് നിയന്ത്രിക്കാനും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ നിർദ്ദിഷ്ട രീതിയിൽ വേർതിരിച്ച് ശേഖരിച്ച് സംഭരിച്ച് വ്യവസ്ഥാപിത മാർഗ്ഗത്തിൽ പരിവഹണം ചെയ്യുന്നതിനും നിർണ്ണയിക്കപ്പെടും വിധം സംസ്കരിച്ച് കൈയൊഴിക്കുന്നതിനും ഈവക കാര്യങ്ങളിൽ ജനജാഗ്രതയും പൗരധർമ്മവും പാലിക്കപ്പെടുന്നത് ഉറപ്പ് വരുത്തുന്നതിനും വേണ്ടി നിയമ - ചട്ടങ്ങളാൽ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾക്ക് വിധേയമായി എടത്വ തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറി ഇതിനാൽ വിജ്ഞാപനം ചെയ്യുന്നു.
കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച 2016ലെ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് ചട്ടങ്ങളിലെ ചട്ടം 6(4), 12(3) പ്രകാരവും, 1994ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് 219 W, 219 X വകുപ്പുകളോട് 256-ാം വകുപ്പ് കൂട്ടി വായിച്ച പ്രകാരം നിക്ഷിപ്തമായിട്ടുള്ള അധികാരം വിനിയോഗിച്ച് എടത്വ ഗ്രാമപഞ്ചായത്ത് തയ്യാറാക്കിയ കരട് ബൈല 29.06.2021 തീയതിയിലെ 08 (1) നമ്പർ തീരുമാനപ്രകാരം എടത്വ ഗ്രാമപഞ്ചായത്ത് അംഗീകരിക്കുകയും 30/06/2021 തീയതിയിലെ ജെ.സി3-1063/2021(1) നമ്പർ നോട്ടീസ് പ്രകാരം ആക്ഷേപങ്ങളും അഭിപ്രായങ്ങളും അറിയിക്കുന്നതിന് 30 ദിവസത്തെ സമയം നൽകി പ്രസിദ്ധീകരിക്കുകയും നിശ്ചിത ദിവസത്തിനകം ലഭിച്ച ആക്ഷേപങ്ങൾ പരിശോധിച്ചതിൽ/യാതൊരു ആക്ഷേപവും ലഭ്യമാകാത്ത സാഹചര്യത്തിൽ 02/08/2021 തീയതിയിലെ 5 (1) നമ്പർ പ്രകാരം എടത്വ ഗ്രാമപഞ്ചായത്ത് അംഗീകരിച്ച ബൈല.
1. ഉദ്ദേശലക്ഷ്യങ്ങൾ
തദ്ദേശസ്വയംഭരണ പ്ലാസ്റ്റിക് മാലിന്യ കൈകാര്യവും പരിപാലനവും, സംസ്കരണവും ജനജീവിത ഗുണനിലവാരം, ശുചിത്വം, പരിസ്ഥിതി സന്തുലനം എന്നിവ ഉറപ്പ് വരുത്തുംവിധം നവീകരിക്കുക.
ശുചിത്വപൂർവ്വമായ പരിസ്ഥിതി പരിപാലനം വഴി ഉയർന്ന ആരോഗ്യ നിലവാരമുള്ള ജനജീവിതം സാധ്യമാക്കുക.
പൊതുസ്ഥലങ്ങൾ പൂർണ്ണമായും പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കുക.
പ്ലാസ്റ്റിക് മാലിന്യങ്ങൾ വേർതിരിച്ച് ശേഖരിക്കുകയും സംഭരിക്കുകയും ചെയ്യാനും സംസ്കരണത്തിനും പുനരുപയോഗത്തിനും പുനർനിർമ്മിതിക്കും പ്രായോഗികവും ശാസ്ത്രീയവും ആയ ഉപാധികൾ ഉറപ്പാക്കുക.
പ്ലാസ്റ്റിക് മാലിന്യങ്ങൾ അടിഞ്ഞുകൂടി ഓടകൾ, അഴുക്കു ചാലുകൾ, പൊതു ചാലുകൾ, ജലനിർഗ്ഗമന മാർഗ്ഗങ്ങൾ, ജലസ്രോതസ്സുകൾ തുടങ്ങിയവ മലിനീകരിക്കപ്പെടുന്നതോ, അടയുന്നതോ, ഉപയോഗ ശൂന്യമാകുന്നതോ ആയ സ്ഥിതി ഒഴിവാക്കുക.
പൊതു നിരത്തുകൾ, പൊതുസ്ഥലങ്ങൾ, സ്വകാര്യ പരിസരങ്ങൾ എന്നിവയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിച്ച് അവ കുന്നുകൂടുന്നതും, വെള്ളക്കെട്ടുണ്ടാകുന്നതും തടയുക.
പ്ലാസ്റ്റിക് മാലിന്യ സംഭരണ- പരിവഹണ ചെലവുകൾ പരമാവധി ചുരുക്കുകയും ശാസ്ത്രീയ ശൈലികൾ നടപ്പാക്കുകയും ചെയ്യുക.
പ്ലാസ്റ്റിക് മാലിന്യ ശേഖരണം, സംസ്കരണം, പരിവഹണം എന്നിവ സംബന്ധിച്ച പൊതുവിവര ലഭ്യത, കാര്യ നിർവ്വഹണ സുതാര്യത, സാമൂഹ്യ നിരീക്ഷണ പ്രവർത്തനം, പരാതി പരിഹാര സംവിധാനം എന്നിവ ജനാധിപത്യപരമായി ഉറപ്പ് വരുത്തുക.
പ്ലാസ്റ്റിക് മാലിന്യ പരിപാലന-സംസ്കരണ കൃത്യങ്ങളിൽ ജനകീയ അവബോധവും ആഭിമുഖ്യവും ഉയർത്തുക.
പ്ലാസ്റ്റിക് മാലിന്യ പരിപാലന-സംസ്കരണ കൃത്യങ്ങളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ജനപ്രതിനിധികൾ, ഇതര സ്ഥാപനങ്ങൾ, ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവരുടെ പങ്കാളിത്തവും ഇടപെടലും, ചുമതലയും ഉറപ്പാക്കുക.
വിജ്ഞാപനത്തിന്റെ നടത്തിപ്പിന് ഫലപ്രദമായ നിർവ്വഹണ-നിരീക്ഷണ-പരിഷ്കരണ ഉപാധികൾക്ക് പ്രാബല്യം നൽകുക.
നിർദ്ദിഷ്ട നിയമ-ചട്ട-വിജ്ഞാപനങ്ങളുടെ ലംഘനവും, വിവേചനവും തടയാനായി നിയമ-ചട്ട വിരുദ്ധ പ്രവർത്തനങ്ങൾക്ക് തക്കതായ നിയമാനുസൃത മുൻകരുതലോ, പ്രതിവിധിയോ, ശിക്ഷയോ പ്രഖ്യാപിക്കുകയും നടപ്പാക്കുകയും ചെയ്യുക.
കാലാകാലം തത്സംബന്ധമായ പൗരാവകാശരേഖ പ്രസിദ്ധീകരിക്കുകയും നടപ്പിൽ വരുത്തുകയും പരിഷ്കരിക്കപ്പെടുന്നു എന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക.
വിജ്ഞാപന നടത്തിപ്പിൽ അറിയാനുള്ള അവകാശവും സത്വരം പരാതി പരിഹാര ഉപാധിയും പ്രാവർത്തികമാക്കുക.
സർക്കാർ-അർദ്ധസർക്കാർ സ്ഥാപനങ്ങൾ, ഓഫീസുകൾ, വ്യവസായ സ്ഥാപനങ്ങൾ, കച്ചവട സ്ഥാപനങ്ങൾ, ആശുപത്രികൾ, ഫ്ലാറ്റുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ലോഡ്ജുകൾ, ഹോസ്റ്റലുകൾ, എക്സിബിഷൻ ഗ്രൗണ്ടുകൾ, അവയുടെ ഘടകങ്ങൾ എന്നിവയുടെ പരിസരവും മഴവെള്ള നിർഗ്ഗമന ചാലുകൾ, ജലാശയങ്ങൾ, തോടുകൾ, പുഴകൾ, നദികൾ തുടങ്ങിയവയും പ്ലാസ്റ്റിക് രഹിതവും ശുചിയായും പരിരക്ഷിക്കുന്നതിന് അവയുടെ ചുമതലക്കാരെയും അധികാരസ്ഥരെയും ഉത്തരവാദിത്വമുള്ളവരാക്കുക.
2. ചുരുക്കപ്പേരും പ്രാരംഭവും
ചുരുക്കപ്പേര്: ഈ ബൈലയ്ക്ക് 2021ലെ എടത്വ ഗ്രാമപഞ്ചായത്ത് പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് ബൈല എന്ന് പേര് പറയാം.
ആരംഭം: ബൈലാ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ നടപ്പിൽ വരുന്നതാണ്.
വ്യാപ്തി: ഈ ബൈലയുടെ വ്യാപ്തി എടത്വ ഗ്രാമപഞ്ചായത്തിന്റെ മുഴുവൻ ഭാഗങ്ങളിലും അതിർത്തികളിലുമായിരിക്കും.
3. നിർവ്വചനങ്ങൾ
"റൂൾസ്" എന്നാൽ കേന്ദ്ര ഗവൺമെന്റ് പുറപ്പെടുവിച്ച 2016ലെ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് ചട്ടം എന്നാകുന്നു.
"സെക്രട്ടറി" എന്നാൽ എടത്വ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നാകുന്നു.
"വർഷം" എന്നാൽ സാമ്പത്തിക വർഷം എന്നാകുന്നു.
"വാർഡ് സാനിറ്റേഷൻ കമ്മിറ്റി" എന്നാൽ വാർഡ് മെമ്പർ ചെയർമാനായും പഞ്ചായത്ത് ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥർ കൺവീനറായും ഉള്ളതും പൊതുപ്രവർത്തകരിൽ നിന്നും ഗ്രാമപഞ്ചായത്ത് നിശ്ചയിക്കുന്ന അംഗങ്ങളും ചേർന്നുള്ള കമ്മിറ്റി എന്നാകുന്നു.
"ഉറവിടം" എന്നാൽ പ്ലാസ്റ്റിക് കണ്ടെത്തുന്നതോ ഉണ്ടാകുന്നതോ പൊതുവായതോ സ്വകാര്യമായതോ ആയ സ്ഥലം എന്നാകുന്നു.
4. നിരോധനങ്ങൾ
സംസ്ഥാന സർക്കാർ ഉത്തരവുകൾ പ്രകാരം ഒറ്റത്തവണ മാത്രം ഉപയോഗമുള്ള പ്ലാസ്റ്റിക് വസ്തുക്കൾ (ഒരു തവണ മാത്രം ഉപയോഗിച്ച ശേഷം കളയുന്നവ) 2020 ജനുവരി ഒന്ന് മുതൽ സംസ്ഥാനത്ത് പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. എടത്വ ഗ്രാമപഞ്ചായത്ത് പ്രദേശത്ത് ടി ഉത്തരവ് പ്രകാരവും ഇതുമായി ബന്ധപ്പെട്ട് കാലാകാലങ്ങളിൽ സംസ്ഥാന സർക്കാർ പുറപ്പെടുവിക്കുന്ന സർക്കാർ ഉത്തരവുകളിലെയും വ്യവസ്ഥകൾ പ്രകാരം വിഷ്കർഷിക്കുന്ന ഒറ്റത്തവണ ഉപയോഗിക്കുന്ന എല്ലാ പ്ലാസ്റ്റിക് വസ്തുക്കളുടെയും നിർമ്മാണം, വിതരണം, വില്പന, ഉപയോഗം എന്നിവ നിരോധിച്ചിരിക്കുന്നു.
എടത്വ ഗ്രാമപഞ്ചായത്ത് പ്രദേശത്ത് 2016ലെ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് ചട്ടങ്ങളിലെ ചട്ടം (4)ൽ പ്രതിപാദിച്ചിട്ടുള്ള 50 (അമ്പത്) മൈക്രോണിൽ താഴെ കനമുള്ള മറ്റ് പ്ലാസ്റ്റിക് കവറുകൾ, ഷീറ്റുകൾ ഉൾപ്പെടെയുള്ള പ്ലാസ്റ്റിക് വസ്തുക്കളുടെ നിർമ്മാണം, വിതരണം, വില്പന, ഉപയോഗം എന്നിവ നിരോധിച്ചിരിക്കുന്നു.
5. പൊതുവ്യവസ്ഥ
5(a). വ്യക്തിഗത ഉത്തരവാദിത്വം
എടത്വ ഗ്രാമപഞ്ചായത്തിന്റെ പരിധിക്കുള്ളിൽ നിയമത്തിലെയോ ചട്ടത്തിലെയോ ഈ ബൈലയിലെയോ നിബന്ധനകൾ പ്രകാരം ഒറ്റത്തവണ ഉപയോഗിക്കുന്ന ഒരു പ്ലാസ്റ്റിക് ഉല്പന്നങ്ങളും ഏമതൊരാളും നിർമ്മിക്കാനോ സംഭരിക്കാനോ വിൽക്കാനോ പാടുള്ളതല്ല.
PUനരുപയോഗം സാധ്യമല്ലാത്ത പ്ലാസ്റ്റിക് മാലിന്യങ്ങൾ വൃത്തിയാക്കി ഉണക്കി തരംതിരിച്ച് പഞ്ചായത്ത് ചുമതലപ്പെടുത്തുന്ന ഹരിതകർമ്മസേനയ്ക്ക് കൈമാറേണ്ടതാണ്.
വീടുകളിൽ നിലവിലുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകൾ അടക്കമുള്ള പ്ലാസ്റ്റിക് മാലിന്യം വൃത്തിയാക്കി ഉണക്കി തരംതിരിച്ച് സൂക്ഷിക്കേണ്ടതും വാർഡ് സാനിറ്റേഷൻ കമ്മിറ്റിയുടെ/സെക്രട്ടറിയുടെ നിർദ്ദേശാനുസരണം നിശ്ചയിക്കപ്പെടുന്ന കേന്ദ്രങ്ങളിൽ എത്തിക്കേണ്ടതോ പഞ്ചായത്ത് ചുമതലപ്പെടുത്തുന്ന ഹരിതകർമ്മ സേനയ്ക്ക്/ഏജൻസിക്ക് കൈമാറേണ്ടതാണ്. ഇതിനായി പഞ്ചായത്ത് നിശ്ചയിച്ച നിരക്കിലുള്ള യൂസർഫീ ഉത്തരവാദികളായവർ നൽകേണ്ടതാണ്.
പൊതുപരിപാടികൾ സംഘടിപ്പിക്കുന്ന സംഘാടകർ ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക് ഉല്പന്നങ്ങൾ വേർതിരിച്ച് 2016ലെ സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ചട്ടം പ്രകാരം സംസ്കരിക്കാവുന്ന മാലിന്യങ്ങൾ അപ്രകാരം പരിപാലിക്കേണ്ടതും പ്ലാസ്റ്റിക് മാലിന്യങ്ങൾ തരംതിരിച്ച് പുനരുപയോഗം ഉറപ്പ് വരുത്തേണ്ടതുമാണ്. പുനരുപയോഗ സാധ്യമല്ലാത്തവ വൃത്തിയാക്കി കഴുകി ഉണക്കി തരംതിരിച്ച് സൂക്ഷിക്കുന്നു എന്ന് ഉറപ്പാക്കേണ്ടതും പഞ്ചായത്ത് ചുമതലപ്പെടുത്തുന്ന ഹരിത കർമ്മ സേനയ്ക്ക്/ഏജൻസിക്ക് കൈമാറേണ്ടതുമാണ്. യാതൊരു കാരണവശാലും പ്ലാസ്റ്റിക് ഉല്പന്നങ്ങൾ നിർദ്ദിഷ്ട പ്രകാരമല്ലാതെ കൈയൊഴിക്കാൻ പാടുള്ളതല്ല. ഇത്തരത്തിൽ കൈയൊഴിയുന്നതിന് ഈ ബൈലായുടെ അനുബന്ധം-1ൽ നിശ്ചയിച്ചിട്ടുള്ള യൂസർഫീ ബന്ധപ്പെട്ടവർ ഒടുക്കേണ്ടതാണ്.
പ്ലാസ്റ്റിക് ഉല്പന്നങ്ങൾ തുറസ്സായ സ്ഥലത്ത് ഏത് തരത്തിലും കത്തിക്കാൻ പാടുള്ളതല്ല. ആയത് ലംഘിക്കുന്നവർക്കെതിരെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് പ്രകാരമുള്ള നിയമനടപടികളും കൂടാതെ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് ആക്റ്റ് പ്രകാരം 1000/- രൂപ പിഴയും ചുമത്തുന്നതാണ്.
5(b). ഉൽപ്പാദകരുടെ ഉത്തരവാദിത്വം
വ്യാപാരസ്ഥാപനങ്ങളിൽ പൊതുജനങ്ങൾക്ക് കാണത്തക്ക വിധത്തിൽ പ്രാദേശിക ഭാഷയിലും, ഇംഗ്ലീഷ് ഭാഷയിലും "ഇവിടെ പ്ലാസ്റ്റിക് ക്യാരിബാഗുകൾ/കവറുകൾ വിൽക്കുന്നില്ല" എന്ന ബോർഡ് എഴുതി പ്രദർശിപ്പിക്കേണ്ടതാണ്.
പുനഃചംക്രമണം (റീസൈക്കിൾ) ചെയ്ത പ്ലാസ്റ്റിക് ഉപയോഗിച്ച് നിർമ്മിച്ച ക്യാരിബാഗുകളിലോ കവറുകളിലോ കണ്ടെയ്നറുകളിലോ പാത്രങ്ങളിലോ ഭക്ഷണാവശ്യത്തിന് തയ്യാറാക്കി വെച്ച ഭക്ഷണ സാധനങ്ങളോ പാനീയങ്ങളോ സൂക്ഷിക്കാനോ വിതരണം ചെയ്യാനോ പാക്ക് ചെയ്യാനോ പാടുള്ളതല്ല.
അനുവദനീയമായ എല്ലാ കമ്പോസ്റ്റബിൾ പ്ലാസ്റ്റിക് ഉല്പന്നങ്ങളുടെയും പുറത്ത് സർക്കാർ ഉത്തരവുകൾ പ്രകാരമുള്ള എല്ലാ വിവരങ്ങളും രേഖപ്പെടുത്തേണ്ടതാണ്.
പ്ലാസ്റ്റിക് ഉല്പന്നങ്ങൾ നിർമ്മിക്കുകയും, സംഭരിക്കുകയും, വില്പന നടത്തുകയും ഉപയോഗിക്കുകയും ചെയ്യുന്ന വ്യക്തികൾ, വീടുകൾ, സ്ഥാപനങ്ങൾ, ഏജൻസികൾ എന്നിവ ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക് ഉല്പന്നങ്ങൾ കഴുകി വൃത്തിയാക്കി പുനരുപയോഗം നടത്തേണ്ടതും പുനരുപയോഗം സാധ്യമല്ലാത്തവ വൃത്തിയാക്കി ഉണക്കി തരംതിരിച്ച് സൂക്ഷിക്കേണ്ടതും ഹരിതകർമ്മസേനയ്ക്ക്/ഏജൻസിക്ക് കൈമാറേണ്ടതുമാണ്.
പുനഃചംക്രമണം ചെയ്യാൻ പറ്റാത്ത പ്ലാസ്റ്റിക്, ലോഹം പൂശിയ (മെറ്റൽ കോട്ടഡ്) മാലിന്യങ്ങൾ, മൾട്ടി ലെയർഡ് സ്റ്റാറ്റുകൾ, പൗച്ചുകൾ, പാക്കേജിംഗ് കവറുകൾ എന്നിവയിൽ വില്പന നടത്തുന്ന സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നവർ, ബ്രാൻഡ് ഉടമകൾ, ഉൽപ്പാദകർ എന്നിവർ ഉപയോഗം കഴിഞ്ഞ ഇത്തരം ഉല്പന്നങ്ങൾ തിരിച്ചെടുക്കാനുള്ള സംവിധാനങ്ങൾ നേരിട്ടോ ഏജൻസി വഴിയോ ഏർപ്പെടുത്തേണ്ടതാണ്. അല്ലാത്ത പക്ഷം അവരുടെ ഉല്പന്നങ്ങൾ വിൽക്കാൻ പാടുള്ളതല്ല.
അനുവദനീയമല്ലാത്ത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ നിർമ്മാണം, വിൽപന, വിതരണം, ഉപയോഗം, ശേഖരണം എന്നിവ നടത്തുന്നവർക്കെതിരെ മാലിന്യ പരിപാലനം/സംസ്കരണം/നിർമ്മാർജ്ജനം ഇവയേതുമായും ബന്ധപ്പെട്ട തുക ബാധ്യസ്ഥരിൽ നിന്നും ഈടാക്കുന്നതിന് സെക്രട്ടറിക്ക് അധികാരമുണ്ട്.
2016-ലെ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് ചട്ടത്തിലെ 9-ാം ചട്ടം പ്രകാരം എക്സ്റ്റന്റഡ് പ്രൊഡ്യൂസർ റെസ്പോൺസിബിലിറ്റി (ഇ.പി.ആർ) നടപ്പിലാക്കുന്നതിനുള്ള ഉത്തരവാദിത്വം ഉൽപാദകർ, ഇറക്കുമതിക്കാർ, ബ്രാൻഡ് ഓണർമാർ എന്നിവർക്കാണ്.
6. പ്ലാസ്റ്റിക് മാലിന്യ സംസ്കരണം - തദ്ദേശസ്വയംഭരണസ്ഥാപനത്തിന്റെ ചുമതല
ചട്ടങ്ങളിലെയും ബൈലയിലേയും കാര്യങ്ങളെ സംബന്ധിച്ച് കാര്യനിർവ്വഹണാധികാരി സെക്രട്ടറി ആയിരിക്കും. സെക്രട്ടറിയുടെ അധികാരങ്ങൾ മറ്റ് ഉദ്യോഗസ്ഥർക്ക് രേഖാമൂലം ഏൽപ്പിച്ചുകൊടുക്കുന്നതിന് സെക്രട്ടറിക്ക് അധികാരം ഉണ്ടായിരിക്കുന്നതാണ്.
പഞ്ചായത്ത് പരിധിക്കുള്ളിൽ പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറക്കുന്നതിനും പ്രസ്തുത കാര്യത്തിന് ബോധവൽക്കരണ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നതിനും പഞ്ചായത്തിന് ചുമതലയുണ്ടായിരിക്കും.
പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ശേഖരണം, നീക്കം ചെയ്യൽ, സംഭരണം, സംസ്കരണം, കൈയൊഴിക്കൽ എന്നിവയ്ക്കായി ഗ്രാമപഞ്ചായത്തിന് ഇനിപ്പറയുന്ന രീതികൾ പൂർണ്ണമായോ ഭാഗികമായോ സ്വീകരിക്കാവുന്നതാണ്:
ഗ്രാമപഞ്ചായത്ത് ഇതിനായി രൂപീകരിക്കുന്ന ഹരിതകർമ്മസേന/ഏജൻസി മുഖേന
കുടുംബശ്രീ മുഖേന
ശുചിത്വമിഷൻ പട്ടികപ്പെടുത്തുന്ന ഏജൻസികൾ മുഖേന
സർക്കാർ നിശ്ചയിക്കുന്ന ഏജൻസികൾ/സ്ഥാപനങ്ങൾ/കമ്പനികൾ മുഖേന
പ്രവർത്തനം നടത്തുന്നതിന് ഇവർ ഗ്രാമപഞ്ചായത്തുമായി കരാറിലേർപ്പെടേണ്ടതാണ്. ആദ്യ മൂന്ന് വർഷകാലത്തേയ്ക്ക് പ്രൊക്യൂർമെന്റ് മാനേജ്മെന്റ് മാനണ്ഡങ്ങൾക്ക് വിധേയമല്ലാതെ തന്നെ പട്ടികപ്പെടുത്തിയ ഏജൻസികളെ ചുമതലപ്പെടുത്താവുന്നതാണ്.
തെരഞ്ഞെടുക്കപ്പെടുന്ന ഏജൻസികൾ പൂർണ്ണമായും ഗ്രാമപഞ്ചായത്തിന്റെ നിയന്ത്രണത്തിലായിരിക്കേണ്ടതാണ്.
ഏജൻസിയെ പ്ലാസ്റ്റിക് വസ്തുക്കളുടെ ശേഖരണം, മെറ്റീരിയൽ റിക്കവറി സെന്ററുകളിൽ എത്തിക്കൽ, യൂസർ ഫീ സമാഹരിക്കുക എന്നിവ മാത്രമായോ പുനചംക്രമണം/സംസ്കരണ പ്രക്രിയ/കൈയൊഴിയൽ എന്നിവ ഉൾപ്പെടെയോ ഏൽപ്പിക്കാവുന്നതാണ്.
യൂസർ ഫി, പ്ലാസ്റ്റിക് വസ്തുക്കളുടെ വിൽപ്പനയിലൂടെ ലഭിക്കുന്ന തുകകൾ മുതലായവ ഏജൻസിയുടെ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാവുന്നതാണ്.
യൂസർ ഫീ സമാഹരിക്കുന്നത് പഞ്ചായത്ത് നിശ്ചയിച്ച് നൽകിയതും മുദ്രപതിച്ചതുമായ രസീതിൽ ആയിരിക്കേണ്ടതാണ്. ഓരോ വേസ്റ്റ് ജനറേറ്റർക്കും യുണീക്ക് ഐഡന്റിഫിക്കേഷൻ നമ്പർ നൽകേണ്ടതാണ്.
പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് സംബന്ധിച്ച ത്രൈമാസ റിപ്പോർട്ട് ബന്ധപ്പെട്ട ഏജൻസികൾ നിശ്ചിത സമയത്തിനകം (ജൂലൈ 15, ഒക്ടോബർ 15, ജനുവരി 15, ഏപ്രിൽ 15) ഗ്രാമപഞ്ചായത്തിന് നൽകേണ്ടതാണ്. പ്രതിവർഷ റിപ്പോർട്ട് എല്ലാ വർഷവും ജൂൺ 30-ന് മുൻപായി പഞ്ചായത്ത് വകുപ്പ് ഡയറക്ടർക്ക് നൽകേണ്ടതാണ്.
പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ ആദ്യഘട്ടത്തിൽ വേർതിരിക്കണം. വേർതിരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി സംഭരണ കേന്ദ്രങ്ങൾ ഏർപ്പെടുത്തേണ്ടതാണ്.
Meterial recovery center കളിൽ ഉപയോഗ ക്രമത്തിനനുസൃതമായി തരം തിരിക്കാനുള്ള സൗകര്യം, ബെയിലിംഗ് മെഷീൻ, കഴുകി വൃത്തിയാക്കാനുള്ള മെഷീനുകൾ തുടങ്ങിയവ സ്ഥാപിക്കാവുന്നതാണ്.
റീസൈക്കിൾ ചെയ്യാൻ പറ്റാത്ത ഉല്പന്നങ്ങൾ ലാൻഡ് ടാറിംഗ് മുതലായവയ്ക്കായി ഉപയോഗപ്പെടുത്തുകയോ മറ്റ് അംഗീകൃത രീതിയിലോ കൈയൊഴിയാവുന്നതാണ്.
7. ശിക്ഷാനടപടി (പിഴശിക്ഷാ തുക)
- ആദ്യതവണ ലംഘിക്കുന്നതിന്: 10,000/- രൂപ പിഴ ഈടാക്കുന്നതാണ്.
- രണ്ടാം തവണ ലംഘിക്കുന്നതിന്: 25,000/- രൂപ പിഴ ഈടാക്കുന്നതാണ്.
- തുടർന്നുള്ള ലംഘനത്തിന്: 50,000/- രൂപ പിഴ ഈടാക്കുന്നതും തുടര്ന്ന് പ്രവര്ത്തനാനുമതി റദ്ദാക്കുന്നതുമാണ്.
വ്യവസ്ഥകൾ ലംഘിക്കുന്ന വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ നൽകിയിട്ടുള്ള അനുമതി റദ്ദാക്കാനോ, പുതിയ അപേക്ഷ നിശ്ചിത കാലത്തേക്ക് നിരാകരിക്കാനോ പഞ്ചായത്തിന് അധികാരമുണ്ടായിരിക്കും.
യാതൊരു ശിക്ഷാനടപടിയും കേൾക്കപ്പെടാനുള്ള അവസരം ഉറപ്പാക്കാതെ ബാധകമാക്കാൻ പാടുള്ളതല്ല. നിയമപ്രകാരമുള്ള അപ്പീൽ അവസരം ഇത്തരം നടപടികൾക്ക് ബാധകമായിരിക്കും.
പ്ലാസ്റ്റിക് മാലിന്യ കൈമാറുമ്പോഴുള്ള യൂസർഫി (അനുബന്ധം)
| ക്രമ നമ്പർ | വിഭാഗം | യൂസർ ഫീ നിരക്ക് |
|---|---|---|
| 1 | വാസഗൃഹങ്ങൾ (വീടുകൾ) | 50.00 രൂപ |
| 2 | സ്ഥാപനങ്ങൾ, വഴിയോരക്കച്ചവടക്കാർ, കാറ്ററിംഗ് യൂണിറ്റ്, മറ്റ് മാലിന്യ ഉൽപ്പാദകർ | 100.00 രൂപ |
| 3 | പ്ലാസ്റ്റിക് പാക്കിംഗ് കവറുകൾ സമാനസ്വഭാവത്തോട് കൂടിയവ (ഓരോ ഗ്രാമിനോ അതിന്റെ ഭാഗത്തിനോ) | 20.00 രൂപ |
| 4 | മറ്റ് പ്ലാസ്റ്റിക് മാലിന്യങ്ങൾ (ഓരോ ഗ്രാമിനോ അതിന്റെ ഭാഗത്തിനോ) | 10.00 രൂപ |
| 5 | 100 പേരിൽ കൂടുതൽ ആൾക്കാർ പങ്കെടുക്കുന്ന പരിപാടികൾ നടത്താൻ ഒടുക്കേണ്ട അടിസ്ഥാന യൂസർ ഫീ | 250.00 രൂപ |